11
DEC
1999

വര്‍ണ വൈവിധ്യങ്ങളുടെ ചിത്രപ്രദര്‍ശനം

ചന്ദ്രിക ദിനപ്പത്രം, റഹ്മാന്‍ തായലങ്ങാടി

കാസര്‍കോട്: നാലു ദിവസങ്ങളിലായി കാസര്‍കോട് മര്‍ച്ചന്റ് ഹാളില്‍ നടക്കുന്ന യുവ ചിത്രകാരന്‍ ഇര്‍ഷാദിന്‍റെ ചിത്ര പ്രദര്‍ശനം നഗരത്തിനു പുതിയൊരനുഭവമായി. ആസ്വാദക മനസ്സുകളെ ആഹ്ലാദിപ്പിക്കുകയും അതേസമയം അസ്വസ്ഥമാക്കുകയും ചെയ്ത പ്രദര്‍ശനം മൌലികമായ രചനാരീതി കൊണ്ട് വ്യത്യസ്തനായ ഒരു പ്രതിഭയെ പരിചയപ്പെടുത്തുന്നതയിരുന്നു.

പുതിയ ചിത്രകല എന്നു കേള്‍ക്കുമ്പോള്‍ തന്നെ പ്രേക്ഷകരുടെ മനസ്സില്‍ പതിയുന്നത് ദുര്‍ഗ്രഹമായ ചില കുറ്റികളില്‍ കറങ്ങുന്ന ഒരു തരം സാമ്പ്രദായിക രീതിയാണ്. ഞെട്ടിക്കുന്ന വര്‍ണ സംയോജനം മനസ്സിലുണ്ടാക്കുന്ന തരിപ്പു തന്നെയാണ് ചിത്രകാരനുദ്ദേഷിക്കുന്നതെന്ന് കൂടി പറയുമ്പോള്‍ ആസ്വാദനം അവിടെ പൂര്‍ണ്ണമാകുന്നു.

ഇര്‍ഷാദ് പള്ളം എന്ന ഇരുപതുകാരന്‍റെ വൈവിധ്യമാര്‍ന്ന അന്‍പതിലധികം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനൊരുക്കിയത്. എല്ലാം ജലഛായയില്‍ തീര്‍ത്തവ. അക്കാദമികമായ ശാസ്ത്രീയ പരിശീലനത്തിന്‍റെ ശക്തമായ പിന്‍ബലമൊന്നുമില്ലാതെ ഈ യുവാവ് ജന്മസിദ്ധമായ സാധനയിലൂടെയാണ് നിറങ്ങളുമായി സല്ലപിക്കാന്‍ പഠിച്ചത്. സ്കൂള്‍ പഠന കാലത്ത് മത്സരങ്ങളില്‍ ചിത്രം വരച്ചു കൈനിറയെ സമ്മാനം വാങ്ങിയിട്ടുണ്ട്. പരിചയം എന്നു പറയാനുള്ളത് റിഥം സ്കൂള്‍ ഓഫ് ആര്‍ട്സിലെ ഏതാനും മാസത്തെ പഠനം മാത്രം. ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് എക്സ്പോ 99ല്‍ ഇര്‍ഷാദിന്‍റെ വണ്‍മേന്‍ ഷോ അരങ്ങേറിയെങ്കിലും ചിത്ര പ്രദര്‍ശനത്തിനു ഇണങ്ങുന്നതായിരുന്നില്ല ആ അന്തരീക്ഷം.

പ്രശസ്ത ചിത്രകാരനും കാഞ്ചന്‍ജംഗ കലാകേന്ദ്രം ഡയരക്ടറുമായ പി. എസ്. പുണിഞ്ചിത്തായയാണ് ചിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ഇര്‍ഷാദില്‍ ഭാവനാ സമ്പന്നനായ വലിയൊരു പ്രതിഭയെ കാണുന്ന പുനിഞ്ചിത്തായ ചിത്രങ്ങളെക്കുറിച്ചു പറയുമ്പോള്‍ വികാരഭരിതനാകുന്നു; വാചാലനാകുന്നു. വരകളിലെ ഏകാഗ്രതയും നിറങ്ങളുടെ വിന്യാസത്തിലെ സൂക്ഷ്മതയും ചിത്രകലയെ ഗൌരവമായിക്കാണുന്ന ഒരാള്‍ക്കു മാത്രം സാധിക്കുന്നതാണ് ഇര്‍ഷാദിലൂടെ കാസര്‍കോടിന്‍റെ കലാമനസ്സുകള്‍ക്ക് അഭിമാനിക്കാം.

ഗണം തിരിച്ചു പറയാന്‍ കഴിയാത്ത ഒരു പ്രത്യേകത തന്നെയാണ് ഈ ചിത്രങ്ങള്‍ മനസ്സില്‍ പകര്‍ത്താന്‍ ആസ്വാദകരെ നിര്‍ബന്ധിതരാക്കിത്തീര്‍ക്കുന്നത്. പ്രായം കൊണ്ടു പൂക്കളും നദികളും കുന്നുകളും വയലുകളുമൊക്കെ നിറങ്ങളില്‍ ചാലിക്കേണ്ട ഈ ചിത്രകാരന്‍ പക്ഷെ, വര്‍ത്തമാന കാലത്തെ വിഹ്വലമാക്കിത്തീര്ക്കുന്ന ജീവിത സത്യങ്ങള്‍ക്കു നേരെയാണ് കണ്ണു തുറക്കുന്നത്.

യുദ്ധം മനുഷ്യനു സമ്മാനിക്കുന്ന ദുഖവും അതിന്‍റെ ദൈന്യതകളും എല്ലാ കാലത്തും ചിത്രകാരന്‍മാരുടെ വിഷയമായിത്തീര്ന്നിട്ടുണ്ട്. ഇര്‍ഷാദിന്‍റെ ചിത്രത്തിലെ യുദ്ധം നനുത്തൊരു തേങ്ങലില്‍ നിന്നുയരുന്ന നിലവിളിയെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ബിംബങ്ങള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലും പശ്ചാത്തലത്തിനിണങ്ങുന്ന നിറങ്ങളുടെയും രേഖകളുടെയും വിന്യാസത്തിലും ചിത്രകാരന്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുവെന്നതും പ്രത്യേകമായൊരു അനുഭവം സൃഷ്ടിക്കാന്‍ കാരണമായിത്തീരുന്നു.

യുദ്ധം പോലെ തന്നെ അതിതീക്ഷ്‌ണമായ ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ദാരിദ്ര്യവും പ്രകൃതിയും കാത്തിരിപ്പും. പ്രശസ്ത ചിത്രകാരന്‍ ബി. ഭാസ്ക്കരനെ ചിത്രങ്ങള്‍ക്കിടയില്‍ കണ്ടുമുട്ടിയപ്പോള്‍ ചോദിച്ചു; എന്തു തോന്നുന്നുവെന്ന് പ്രായത്തില്‍ കവിഞ്ഞ സൂക്ഷ്മമായ നിരീക്ഷണ പാടവവും വര്‍ണങ്ങളുടെ സാധ്യതകളെ കുറിച്ചുള്ള തിരിച്ചറിവും ആഹ്ലാദകാരമാണെന്നായിരുന്നു അദ്ധേഹത്തിന്‍റെ മറുപടി.

ചിത്രകല വല്ലാതെ പരിമിതപ്പെട്ടു വരുന്ന ഒരു ആത്മാവിഷ്ക്കാര മാര്‍ഗ്ഗമായിത്തീര്‍ന്നിരിക്കുന്ന ഒരു ഘട്ടത്തിലാണ് തനിക്ക് ചുറ്റിലും കാണുന്ന ജീവിത സമസ്യകളോട് പ്രതികരിക്കാനുള്ളത് ക്യാന്‍വാസില്‍ കൂടിയാണെന്ന് ഇര്‍ഷാദ് തിരിച്ചറിയുന്നത്. ഒരര്‍ത്ഥത്തില്‍ ഇതൊരു സാഹസികതയുമാണ്.

“രണ്ടു ലക്ഷം രൂപ ചെലവു ചെയ്തു വീട്ടിലെ മൂത്രപ്പുര മോടിപിടിപ്പിക്കുന്ന സമൂഹം ഒരു മനോഹരമായ പെയിന്‍റിംഗ് വീട്ടിലുണ്ടാകണമെനന്ന് ആഗ്രഹിക്കാത്തതെന്തേ?” എന്ന ആര്‍ട്ടിസ്റ്റ് പുണിഞ്ചിത്തായയുടെ ചോദ്യം ഒരു പരസ്യ വാചകമായി കാണാന്‍ കഴിയില്ല. നിറങ്ങളുമായി സംവേദിക്കാന്‍ അപൂര്‍വ്വമായ അവസരങ്ങളെ ജനങ്ങള്‍ക്കുണ്ടാകുന്നുള്ളൂ എന്നതാവാം ഒരു കാരണം. ഇര്‍ഷാദിന്‍റെ ചിത്രപ്രദര്‍ശനം അങ്ങനെയൊരു ചിന്തയ്ക്ക് തിരികൊളുത്താന്‍ കൂടി സഹായകമായി.

സമ്പന്നമായ സദസ്സില്‍ നടന്ന ഉദ്ഘാടന സമ്മേളനം നിറങ്ങള്‍ക്ക് സംഗീതമുണ്ടെന്നും നിറങ്ങള്‍ക്ക് വ്യാകരണമുണ്ടെന്നും നിറങ്ങള്‍ക്ക് മനശാസ്ത്രമുണ്ടെന്നും ഇതില്‍ നിന്നൊക്കെ ഓടിയൊളിക്കാന്‍ സാമൂഹ്യ ജീവികള്‍ക്ക് സാധ്യമല്ലെന്നും തെളിയിക്കുന്നതായി.

കാസര്‍കോട് മര്‍ച്ചന്റ്സ് യൂത്ത്വിംഗാണ് ഇത്തരമൊരു പ്രദര്‍ശനമൊരുക്കിയത്. പരിപാടി ‘സിറ്റി ഗോള്‍ഡ്‌’ സ്പോണ്‍സര്‍ ചെയ്തു. വരണ്ട നഗര ജീവിത സമസ്യകള്‍ക്കിടയില്‍ ആസ്വാദ്യകരമായ ഒരു സംരംഭം തന്നെയായിരുന്നു വര്‍ണ്ണ വിസ്മയമെന്ന ഈ ചിത്രപ്രദര്‍ശനം.

Thank You